Kerala
ഇരിട്ടി: കണ്ണൂർ അയ്യൻകുന്ന് പഞ്ചായത്തിലെ ബാരാപോൾ മാക്കണ്ടയിൽ നാലു പശുക്കളെ വന്യജീവി കടിച്ചു കൊന്നു. പുല്ലാട്ട് കുന്നേൽ രാകേഷിന്റെ ഫാമിലെ തൊഴുത്തിൽ കെട്ടിയിരുന്ന പശുക്കളെയാണ് വന്യജീവി കടിച്ചു കൊന്നത്. ഇന്നു രാവിലെയായിരുന്നും സംഭവം.
പശുക്കളെ കൊലപ്പെടുത്തിയത് കടുവയോ പുലിയോ ആകാമെന്നാണ് ഫാം ഉടമ രാകേഷും പ്രദേശവാസികളും പറയുന്നത്. വൃക്കരോഗിയായ രാകേഷിന്റെ ഉപജീവന മാർഗമായിരുന്നു പശുവളർത്തൽ. വനമേഖലയായ ഇവിടെ പുലിയുൾപ്പടെയുള്ള വന്യജീവികളുണ്ടെന്ന കാര്യം അധികൃതരെ പലതവണ അറിയിച്ചും നടപടികൾ ഒന്നുമുണ്ടായില്ലെന്ന് ആരോപണമുണ്ട്.
വകുപ്പധികൃതർ കാട്ടിയ അനാസ്ഥയാണ് നാലു പശുക്കളുടെ ജീവനെടുത്തതെന്നും പ്രദേശവാസികൾ ആരോപിക്കുന്നു. രണ്ടു മാസം മുമ്പ് വാണിയപ്പാറത്തട്ട് പാറയ്ക്കാമലയിലും വന്യജീവി പശുവിനെ കൊന്നു തിന്നിരുന്നു. ഈ മേഖലയിൽനിന്നു വളർത്തു നായകളെ കാണാതായ സംഭവവും ഉണ്ടായിരുന്നു.
പശുക്കളെ വന്യജീവി കൊന്ന ഫാം സണ്ണി ജോസഫ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ, പഞ്ചായത്ത് പ്രസിഡന്റ് മിനി വിശ്വനാഥൻ, വൈസ് പ്രസിഡന്റ് കെ.സി. ചാക്കോ പഞ്ചായത്ത് അംഗങ്ങൾ, വനംവകുപ്പ് ജീവനക്കാർ എന്നിവർ സന്ദർശിച്ചു.
Kerala
എടക്കര: കടുവയുടെ ആക്രമണത്തിൽ ചരിഞ്ഞ കാട്ടാനയുടെ ജഡം കണ്ടെത്തി. നെല്ലിക്കുത്ത് ഫോറസ്റ്റ് സ്റ്റേഷന് പരിധിയിലെ മരുത ഓടപ്പൊട്ടി വനത്തിലാണ് ജഡം കണ്ടെത്തിയത്.
പത്ത് വയസുള്ള പിടിയാനയാണ് ചരിഞ്ഞതെന്നും ജഡത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് അധികൃതർ പറഞ്ഞു. തുമ്പിക്കൈയുടെ മുക്കാല് ഭാഗവും കടുവ ഭക്ഷിച്ച നിലയിലാണ്. ആനയുടെ വയറ്റിലും പിന്ഭാഗത്തും മാരകമായ മുറിവുകളുണ്ട്.
പോസ്റ്റ്മോര്ട്ടം നടപടികള് ഞായറാഴ്ച നടത്തും. വഴിക്കടവ് റേഞ്ച് ഫോറസ്റ്റ് ഓഫീസര് ഷെരീഫ് പനോലന്, നെല്ലിക്കുത്ത് ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര് മണിലാല് പെരിഞ്ചീരി, സെക്ഷന് ഫോറസ്റ്റ് ഓഫീസര് പി. ജനാര്ദനന് എന്നിവര് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി.
National
ബംഗളുരു: കർണാടകത്തിലെ മൈസൂരിൽ കടുവയുടെ ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ടു.
സരഗുർ താലൂക്കിലെ ഹാലെ ഹെഗ്ഗുഡിലു സ്വദേശി 35 കാരനായ ചൗഡയ്യ നായക് ആണ് മരിച്ചത്. ഒരുമാസത്തിനിടെ മേഖലയിൽ മൂന്നുപേരാണ് കടുവയുടെ ആക്രമണത്തിൽ മരണമടഞ്ഞത്.
സംഭവത്തെത്തുടർന്ന് നാഗർഹോള, ബന്ദിപ്പുർ കടുവാ സങ്കേതങ്ങളിലേക്കുള്ള ട്രക്കിംഗ് നിർത്തിവച്ചതായി വനംമന്ത്രി ഈശ്വർ ഖണ്ഡേ അറിയിച്ചു.
National
ബംഗളൂരു: കർണാടകയിൽ കടുവയുടെ ആക്രമണത്തിൽ കർഷകന് ഗുരുതര പരിക്ക്. മൈസൂരു ജില്ലയിലെ സരഗുർ താലൂക്കിലെ ബഡഗലപുര ഗ്രാമത്തിലാണ് സംഭവം.
ഗുരുതരമായി പരിക്കേറ്റ മഹാദേവ്(34) എന്നയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയലിൽ ജോലി ചെയ്തിരുന്ന കർഷകർക്ക് നേരെയാണ് കടുവയുടെ ആക്രമണമുണ്ടായത്. കർഷകർ മരത്തിൽ കയറി രക്ഷപെട്ടെങ്കിലും മഹാദേവിന് ഓടി മാറാൻ സാധിച്ചില്ല.
കടുവ മഹാദേവിനെ വലിച്ചിഴച്ചുകൊണ്ടുപോയി മുഖത്തും തലയിലും കടിച്ചു. ഇയാളുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.
വന്യമൃഗങ്ങളുടെ സാന്നിധ്യത്തെ കുറിച്ച് നിരവധി തവണ പരാതി നൽകിയിരുന്നെങ്കിലും വനംവകുപ്പ് ഉദ്യോഗസ്ഥർ കടുത്ത അനാസ്ഥയാണ് കാണിക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. കടുവയെ പിടികൂടാൻ കുങ്കി ആനകളെയും ഡ്രോണുകളും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.
Kerala
പത്തനംതിട്ട: കടുവയുടെ ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർക്ക് ദാരുണാന്ത്യം. പെരിയാർ ടെെഗർ റിസർവിലെ വാച്ചറായ അനിൽ കുമാറിന്റെ (32) മൃതദേഹമാണ് പൊന്നമ്പലമേട് വനത്തിൽ ചൊവ്വാഴ്ച രാവിലെയോടെ കണ്ടെത്തിയത്.
പൊന്നമ്പലമേട് പാതയിൽ ഒന്നാം പോയിന്റിന് സമീപമാണ് കടുവ ഭക്ഷിച്ചനിലയിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ പമ്പയിലേക്കെന്ന് പറഞ്ഞുവീട്ടിൽനിന്ന് പോയതാണ് അനിൽകുമാർ. മൂന്നുദിവസമായിട്ടും കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
ആദിവാസി വിഭാഗത്തിൽപ്പെട്ട അനിൽകുമാർ വനവിഭവങ്ങൾ ശേഖരിക്കാനാണ് ഞായറാഴ്ച രാവിലെ വീട്ടിൽനിന്ന് പോയതെന്നാണ് വിവരം. ഭാര്യ: മഞ്ജു. മക്കൾ: വിദ്യ, നിത്യ, ആദർശ്.
Kerala
മലപ്പുറം: കാളികാവിൽ നിന്നും പിടികൂടിയ നരഭോജിക്കടുവയെ പുത്തൂർ സുവോളജിക്കൽ പാർക്കിൽ എത്തിച്ചു. രാത്രി വൈകി എത്തിച്ച കടുവയെ ഇന്ന് ക്വാറന്റൈൻ സെന്ററിലേക്ക് മാറ്റും. 21 ദിവസം ഇവിടെ ക്വാറന്റൈനിൽ പാർപ്പിക്കും. അതേസമയം, ഇവിടെ സന്ദർശകർക്ക് കർശന വിലക്കുണ്ട്.
രണ്ടുമാസത്തോളമായി കരുവാരക്കുണ്ട് മലയോര മേഖലയെ ഒന്നാകെ ഭീതിയിലാഴ്ത്തിയ കടുവ ഞായറാഴ്ച രാവിലെയാണ് സുൽത്താന എസ്റ്റേറ്റിലെ എസ് വളവിൽ റോഡരികിൽ സ്ഥാപിച്ച കൂട്ടിൽ കുടുങ്ങിയത്.
രാവിലെ തോട്ടങ്ങളിലേക്ക് തൊഴിലെടുക്കാൻ പുറപ്പെട്ട തൊഴിലാളികളാണ് കടുവ കൂട്ടിൽ കുടുങ്ങിക്കിടക്കുന്നതു കണ്ടത്. തുടർന്ന് നാട്ടുകാരെയും പിന്നീട് വനംവകുപ്പ് അധികൃതരെയും അറിയിക്കുകയായിരുന്നു.
കൂട്ടിൽ അകപ്പെട്ട കടുവ രക്ഷപ്പെടുന്നതിനുള്ള ശ്രമത്തിനിടെ കന്പികളിൽ തല ഇടിച്ചതിനാൽ പരിക്കേറ്റിട്ടുണ്ട്. കടുവയെ സ്ഥലത്തുനിന്ന് മാറ്റുന്നതുമായി ബന്ധപ്പെട്ട് നാട്ടുകാരും വനംവകുപ്പധികൃതരും തമ്മിൽ ഏറെനേരം വാഗ്വാദമുണ്ടായി. പ്രദേശത്ത് കടുവയുടെ ശല്യം നിരന്തരം ഉണ്ടായതിനെത്തുടർന്ന് നാട്ടുകാർ കടുത്ത പ്രതിഷേധത്തിലായിരുന്നു. അതിനാൽ കടുവയെ ജീവനോടെ കൊണ്ടുപോകാതിരിക്കുകയോ മൃഗശാലയിലേക്ക് മാറ്റുകയോ വേണമെന്ന ആവശ്യമാണ് നാട്ടുകാർ ഉയർത്തിയത്.
പ്രതിഷേധവുമായെത്തിയ വൻ ജനക്കൂട്ടം ഏറെനേരം സംഘർഷാവസ്ഥ സൃഷ്ടിച്ചു. വനംവകുപ്പ് അധികൃതർക്ക് പുറമേ പോലീസും സ്ഥലത്തെത്തിയിരുന്നു.
തുടർന്ന് സ്ഥലം എംഎൽഎ എ.പി. അനിൽകുമാർ, കരുവാരക്കുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പൊന്നമ്മ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, കർഷക നേതാക്കൾ തുടങ്ങിയവർ നിലന്പൂർ സൗത്ത് ഡിഎഫ്ഒ ധനിക് ലാലുമായി ചർച്ച നടത്തി. ഇതേത്തുടർന്ന് കടുവയെ അമരന്പലത്തെ വനംവകുപ്പിന്റെ കേന്ദ്രത്തിൽ ചികിത്സ നൽകിയശേഷം മാറ്റാമെന്ന് ഡിഎഫ്ഒ ഉറപ്പു നൽകി. ഇതോടെയാണ് കടുവയെ പ്രദേശത്തുനിന്ന് മാറ്റാൻ നാട്ടുകാർ സമ്മതിച്ചത്.
വൈകുന്നേരത്തോടെ കടുവയെ തൃശൂർ പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് കൊണ്ടുപോയി. ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും ജനജാഗ്രതാ സമിതി അംഗങ്ങളുമുൾപ്പെടെ വലിയ ജനക്കൂട്ടമാണ് പ്രദേശത്ത് തടിച്ചുകൂടിയിരുന്നത്.